Links

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

മലയാളത്തി ജ്ഞാനമേഖലയുമായി ബന്ധപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകളിൽ ഭാഷയുടെ വർത്തമാനകാലമാറ്റങ്ങൾ കടന്നുവരേണ്ടതുണ്ട്. ഈ മാറ്റങ്ങൾ പൊതുവിൽ ഭാഷയുടെ ഡിജിറ്റൽ രൂപമാറ്റവുമായി ബന്ധപ്പെട്ടാണ്. ഭാഷയുടെ രേഖപ്പെടുത്തലും വീനിമയവും അച്ചടിയിൽനിന്നും വേർപെട്ട് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ എത്തിനിൽക്കുകയാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികളാകെ ഈ മാറ്റത്തിനെ ഉൾക്കൊണ്ടുകഴിഞ്ഞവരാണ്. ഇതിനൊപ്പം വളരാനും ഭാഷയെ നാളേയ്ക്ക് വേണ്ടി പുഷ്ടിപ്പെടുത്താനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും വലിയ പങ്കുണ്ടെന്നു കരുതുന്നു. അതിനാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധപതിപ്പിക്കണമെന്നാഗ്രഹിക്കുന്ന കുറച്ചു വിഷയങ്ങൾ അവതരിപ്പിക്കട്ടെ.

അച്ചടിയിൽനിന്ന് ഡിജിറ്റൽ പ്രസാധനത്തിലേക്കുള്ള ചുവടുമാറ്റം

ആധുനികകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും വെബ്ബിൽ പ്രസിദ്ധീകരിക്കുകയും അതുവഴി കൂടുതൽ ആളുകളിലേക്ക് എത്താനുള്ള വഴികൾ ആലോചിക്കുകയും വേണം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളി മാസികയിൽ നിന്നുതന്നെ ഈ മാറ്റം തുടങ്ങാവുന്നതാണ്. പ്രസിദ്ധീകരിക്കുന്നവ പുനരുപയോഗത്തിനുപകരിക്കുന്നവിധം ലൈസൻസ് ചെയ്യണം. അച്ചടിക്കണമെന്നും നിർബന്ധമുള്ളവ വെബ്ബിന് പുറമേ അച്ചടിക്കുകയുമാകാം. വിവിധ മേഖലകളിലെ പുസ്തകങ്ങൾ ഇങ്ങനെ ഓൺലൈനിൽ തയ്യാറാക്കുകയും അതാത് വിഷയങ്ങളിൽ ലഭ്യമായ വൈജ്ഞാനിക ഉള്ളടക്കം ഇന്റർനെറ്റിലെത്തുകയും ചെയ്യുന്നത് മലയാളത്തിന് വളരെയധികം ഗുണം ചെയ്യും. ഇതിനായി ഒരു പ്രസിദ്ധികരണസംവിധാനം ഒരുക്കേണ്ടിവരും. പുസ്തകം എന്ന കണിശതയിൽ നിന്നും മാറി ലേഖനങ്ങൾ, അഭിമുഖങ്ങൾ, ഓഡിയോ വീഡിയോ എന്നിവകൂടി ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന രീതിയിലേക്ക് മാറുന്നത് നന്നാകും.
ഇന്നത്തെ കാലത്ത് നിഘണ്ടുക്കൾ അച്ചടിക്കേണ്ടതിന്റെ ആവശ്യം ഇല്ല. നിഘണ്ടുവെന്നത് ഒരു ഡേറ്റാബേസ് ആണ്. അത് structured data ആയി, പെട്ടെന്ന് തിരയാവുന്ന വെബ് അപ്ലിക്കേഷനായി ലഭ്യമാകുമ്പോഴാണ് ഉപകാരപ്രദമാകുന്നത്. അർത്ഥം നോക്കാൻ മാത്രമല്ല വിവിധരീതികളിലുള്ള കമ്പ്യൂട്ടിങ്ങ് അപ്ലിക്കേഷനുകൾക്കും ഇങ്ങനെയുള്ള ഡേറ്റാ സെറ്റുകൾ ആവശ്യമുണ്ട്. നിഘണ്ടുക്കൾ ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിച്ച് ഇത്തരം ആവശ്യങ്ങൾക്കുതകുന്നതാക്കണം.

ഭാഷയുടെ ആധുനികവത്കരണത്തിനുള്ള അക്കാദമിക് നേതൃത്വം

ഭാഷയുടെ ആധുനീകരണത്തിൽ, ഡിജിറ്റൽ മലയാളം മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുണ്ട്. ഈ മേഖലയിൽ വിവിധ സോഫ്റ്റ്‌വെയർ സംവിധാനങ്ങളൊരുക്കുന്ന കമ്പനികളുണ്ട്. പക്ഷേ സാങ്കേതികവിദ്യയ്ക്കൊപ്പം ഭാഷാശാസ്ത്രത്തിലും വ്യാകരണത്തിലും വന്ന, വരേണ്ട ആധുനീകരണം വിഷയമാക്കുന്ന ഒരു അക്കാദമിക് സ്ഥാപനവും കേരളത്തിലില്ല. കേരളത്തിലെ യുണിവേഴ്സിറ്റികളിൽ ഭാഷാ കമ്പ്യൂട്ടിങ്ങ് ഒരു വിഷയമായി വരുന്നതേയുള്ളൂ. എന്റെ അനുഭവത്തിൽ മലയാളം യൂണിവേഴ്സിറ്റി സാങ്കേതികവിദ്യയുമായി അകന്നുനിൽക്കുകയുമാണ്. സാങ്കേതികവിദഗ്ദ്ധരും ഭാഷാവിദഗ്ദ്ധരും ഒരുമിച്ച് പ്രവർത്തിക്കേണ്ട മേഖലയാണ് ഭാഷാ കമ്പ്യൂട്ടിങ്ങ്. നിർഭാഗ്യവശാൽ അക്കാദമിക് രംഗത്ത് മലയാളം കമ്പ്യൂട്ടിങ്ങിൽ താത്പര്യമുള്ള മലയാളം വിദഗ്ദ്ധർ വളരെ കുറവാണ്. ഭാഷയുടെ പുതിയകാല മാറ്റങ്ങൾ മിക്കതും സാങ്കേതികവിദ്യയോട് ചേർന്ന് നിൽക്കുന്നതാണ്. ഉദാഹരണത്തിന് ഈയിടെ നടന്ന ലിപിപരിഷ്കരണം. അത് നടപ്പിലാക്കുന്നത് ഫോണ്ട് ഡിസൈനർമാരും ടെക്നോളജി കമ്പനികളും പിന്തുണക്കുന്നതിനെമാത്രം ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നിട്ടും പരിഷ്കരണത്തിനുള്ള ആലോചനകളിലൊന്നും അവരെ പങ്കെടുപ്പിച്ചില്ല. ഈ വിടവുകൾ എങ്ങനെ പരിഹരിക്കപ്പെടും? അമ്പതുവർഷം കൂടുമ്പോൾ ഒരു സമിതിയെവെച്ച് ചില പരിഷ്കരണം നടപ്പിലാക്കിയാൽ മതിയോ? നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭാഷയെ രേഖപ്പെടുത്താനും മാനകീകരിക്കാനും നിർവചിക്കാനും ആരാണ് മുൻകൈ എടുക്കേണ്ടത്? ഭാഷയുടെ മാനകീകരണത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇടപെട്ടിട്ടുണ്ട്. 1997 ൽ മലയാളത്തനിമ പദ്ധതി, 2001 ൽ ഇറക്കിയ പി ഗോവിന്ദപ്പിള്ള ചെയർമാനായ സമിതിയുടെ മലയാളം കമ്പ്യൂട്ടിങ്ങ് സ്റ്റാൻഡേഡ്, 2011 ൽ പുറത്തിറക്കിയ മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈൽ പുസ്തകം, 2012 ൽ വിശ്വമലയാള മഹോത്സവം തുടങ്ങിയവ ഉദാഹരണങ്ങൾ. ഇതിലെ മലയാളത്തനിമ, സ്റ്റൈൽ പുസ്തകം തുടങ്ങിയവ ഉപേക്ഷിച്ചെന്ന് ശ്രീ കാർത്തികേയൻ നായർ ഗായത്രി എന്ന പഴയലിപി ഫോണ്ടിന്റെ റിലിസിനു ശേഷം ഫേസ് ബുക്കിൽ പറയുകയുണ്ടായെങ്കിലും അതൊന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതായി കണ്ടില്ല. 2022ലെ ലിപിപരിഷ്കരണവുമായി ബന്ധപ്പെട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയതായി കണ്ടില്ല.
ഇന്റർനെറ്റിലോ പൊതുവിൽ മലയാളം കമ്പ്യൂട്ടിങ്ങിലോ ഉള്ള ഭാഷയുടെ വളർച്ച നിരവധി സ്റ്റാൻഡേഡുകളുടെ പുറത്താണ്. ഭാഷ എന്താണ്, അക്ഷരങ്ങൾ, വാക്കുകൾ, വാചകങ്ങൾ തുടങ്ങിയവയുടെ സ്വഭാവം എന്നിവ വളരെ ആഴത്തിൽ രേഖപ്പെടുത്തുകയും അവ അംഗീകരിക്കപ്പെട്ട റെഫറൻസ് ആയി ലഭ്യമാവുകയും ചെയ്താൽ ഈ മേഖലയിൽ മലയാളത്തിന് വേണ്ട സോഫ്റ്റ്‌വെയറുകൾ വരും. മലയാളികൾ മാത്രമല്ല മലയാളത്തിനുവേണ്ട സോഫ്റ്റ്‌വെയറുകൾ എഴുതുന്നത് എന്നോർക്കുക. പക്ഷേ നിർഭാഗ്യവശാൽ അങ്ങനെ ഒരു റെഫറൻസ് രേഖകളും ഇന്നില്ല. ഉദാഹരണത്തിന് 2022 ൽ ലിപിപരിഷ്കരിച്ചെന്നു സർക്കാർ ഓർഡറുണ്ട്. ജർമനിയിൽ ഉള്ള ഒരു ഫോണ്ട് ഡിസൈൻ കമ്പനി അതെങ്ങനെ കണ്ടുപിടിക്കും? അതെങ്ങനെ വായിക്കും(വായിക്കാൻ വ്യക്തതയില്ലാതെ ചെരിഞ്ഞ് സ്കാൻ ചെയ്ത കുറേ പേപ്പറുകളുടെ ചിത്രമാണ് ഈ ഓർഡർ). ഇംഗ്ലീഷിൽ ഇത് ലഭ്യമല്ല. ഏതൊക്കെ കൂട്ടക്ഷരമാണ് വേണ്ടത്? ആരോടു ചോദിക്കും? ഇതിന്റെയൊക്കെ അഭാവത്തിൽ മലയാളത്തിന് അവർ ഫോണ്ടുണ്ടാക്കുമോ? ഇപ്പോൾ അവർ ചെയ്യുന്നത് മലയാളികളായ സുഹൃത്തുക്കളോട് ചോദിക്കലാണ്.
ഈ വിഷയങ്ങളിൽ ഒരു ലിവിങ്ങ് ഡോക്യുമെന്റ്, സ്ഥിരമായ ഒരു വിദഗ്ദ്ധസമിതി എന്നിവയുണ്ടാക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു മുൻകൈ എടുക്കാം.

ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കൽ

വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സർവകലാശാലകളും അംഗീകരിച്ച ജേണലാണെന്ന് വായിച്ചു. പക്ഷേ പിഎച്ഡി പോലെയുള്ള ബിരുദങ്ങൾക്ക് യു.ജി.സി അംഗീകരിച്ച ജേണൽ ആണെന്നു തോന്നുന്നില്ല. കേരളത്തിലെ മലയാളം ഗവേഷണവിദ്യാർത്ഥികൾ(സാങ്കേതികരംഗത്തും ഭാഷാരംഗത്തും) അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഉന്നത നിലവാരമുള്ള, പിയർ റിവ്യൂ ഉള്ള, യുജിസി അംഗീകാരമുള്ള ഒരു ജേണൽ ഇല്ലാത്തത്. പലപ്പോഴും മലയാളം ഗവേഷണങ്ങൾ മലയാളവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ജേണലുകളിലേക്ക് അയക്കേണ്ടിവരുന്ന പ്രശ്നവുമുണ്ട്. ഈയൊരു വിടവ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു നികത്താനായാൽ നന്നാകും. യൂണിവേഴ്സിറ്റികളെ മികച്ച അധ്യാപകരുടെയും വിദഗ്ദ്ധരുടെയും റിവ്യൂ പാനലൊടെ ഒരു ജേണൽ മലയാളത്തിന് കനപ്പെട്ട സംഭാവനയാകും. ഒപ്പം അക്കാദമിക് കോൺഫറൻസുകൾ, ഗ്രാന്റുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാനും കഴിയണം

പ്രവർത്തനത്തിലെ ചില പരാതികൾ

 1. 1.
  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പൊതുപണം ചെലവഴിച്ച് ഭാഷാ സോഫ്റ്റ്‌വെയർ നിർമിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സിഡാക് നിർമിച്ച അക്ഷര എന്ന സ്പെൽചെക്കർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റിലുണ്ട്. അത് ഉപയോഗയോഗ്യമല്ല. ഉപയോഗിക്കാൻ പോയിട്ട് ആ ടൂൾ എടുക്കാൻപോലും ആർക്കും പറ്റില്ല. മലയാളത്തിന്റെ സ്പെല്ലിങ്ങ് ചെക്കറിനെപ്പറ്റിയും അതിന്റെ സങ്കീർണത, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും പൊതുമണ്ഡലത്തിൽ ധാരാളം ഗവേഷണം നടക്കുമ്പോൾ ഇത്തരം ഒരു തട്ടിക്കൂട്ട് പരിപാടി വേണ്ടിയിരുന്നില്ല.
 2. 2.
  സെപ്റ്റംബർ 5, 2021ന് വന്ന വാർത്ത പ്രകാരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോർ ലിപി എന്ന ഒരു സോഫ്റ്റ്‌വെയറിന്റെ പ്രചരണം ഏറ്റെടുക്കുകയും മലയാളം ടൈപ്പു ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗമെന്ന രീതിയിൽ സർക്കാർ സംവിധാനങ്ങളിൽ ഉപയോഗിക്കുമ്മെന്നും പറഞ്ഞു. ആരോ ശരിക്കും ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിച്ചതാണ്. മലയാളം ടൈപ്പു ചെയ്യാൻ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. വിവിധരീതികൾ എല്ലാ കമ്പ്യൂട്ടറുകളിലും സാധ്യമാണ്. അതിനെക്കാൾ എല്ലാം മെച്ചമെന്ന് ഒരു സ്വകാര്യവ്യക്തി പറഞ്ഞുവരുമ്പോൾ അത് വിലയിരുത്തേണ്ടേ? കമ്പ്യൂട്ടറിൽ അടിസ്ഥാനപരിജ്ഞാനമില്ലാത്തവർക്കുപോലും ടൈപ്പു ചെയ്യാമെന്നും വാർത്തയിൽ പറയുന്നു. ആരുടെയോ താത്പര്യങ്ങൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രോത്സാഹിപ്പിക്കുന്നപോലെ തോന്നി. അതിനായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫണ്ടും ചിലവഴിച്ചിട്ടുണ്ട്.
 3. 3.
  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം വേണ്ടത്ര റിവ്യൂ ചെയ്തുതന്നെയാണോ പ്രസിദ്ധീകരിക്കുന്നതെന്നു ശ്രദ്ധിക്കണം. പളുകൽ ഗംഗാധരൻ നായർ രചിച്ച ലിപിപരിണാമചരിത്രം എന്ന പുസ്തകത്തിൽ ബ്രഹ്മി അക്ഷരങ്ങളെല്ലാം ഇംഗ്ലീഷ് അക്ഷരങ്ങളായാണ് അച്ചടിച്ചത്. പേജ് 28 ൽ "ബ്രാഹ്മിയിലെ A" എന്നൊക്കെയാണ്. ആരും വായിച്ചുനോക്കാതെ വില്പനയ്ക്ക് വെച്ചുവെന്നുതോന്നുന്നു. ഞാൻ മുൻ ഡയറക്ടർ ശ്രീ കാർത്തികേയൻ നായർ സാറിനെ സന്ദർശിച്ചപ്പോൽ ഈ പുസ്തകം കാണിച്ചുകൊടുത്തിരുന്നു(2018ൽ). കുറച്ചുദിവസങ്ങൾക്കുമുമ്പ് ജർമനിയിലെ ഒരു ടൈപ്പ് ഡിസൈൻ കമ്പനിക്കുവേണ്ടി മലയാളലിപി പഠിക്കുന്ന ഒരു സുഹൃത്ത് ഈ പുസ്തകം വാങ്ങിയ കാര്യം അറിഞ്ഞു. തെറ്റായി അച്ചടിച്ചിട്ടും വിപണിയിൽ വീണ്ടും ഈ പുസ്തകം വിൽക്കുന്നത് ശരിയാണോ?
 4. 4.
  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 2018-2019 കാലത്ത് ഞങ്ങൾ(സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്) ഗായത്രി എന്ന ഫോണ്ട് പുറത്തിറക്കിയിരുന്നു. ഇനി മുതൽ സർക്കാർ സ്ഥാപനങ്ങളുമായി പ്രവർത്തിച്ച് ഫോണ്ട് പുറത്തിറക്കേണ്ട എന്ന തിരുമാനമെടുക്കാൻ കാരണമാകുംവിധം വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. 2018 നവമ്പറിൽ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് തീർത്ത വർക്ക് റിലീസ് ചെയ്യാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറായില്ല. പിന്നീട് 2019 ഫെബ്രുവരിയിൽ നിർബന്ധിപ്പിച്ച് നടത്തേണ്ടിവന്നു. ഫോണ്ട് റിലീസ് ചടങ്ങും കഴിഞ്ഞ് പലവട്ടം ചോദിച്ച് ചോദിച്ച് ഡയറക്ടറെയും വിളിച്ച് മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അതിന്റെ ഫണ്ട് കിട്ടിയത്. ഗവൺമെന്റ് കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നാണ് ന്യായീകരണം. ഗായത്രി ഫോണ്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട് സൈറ്റിലുണ്ട്. അതോടൊപ്പം തന്നെ MLUAnjanam എന്ന പേരിൽ പുതിയൊരു ഫോണ്ടും സിഡാക്കുമായി സഹകരിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട് ഈയിടെ പുറത്തിറക്കിയിട്ടുണ്ട്. അത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സൈറ്റിൽ നിന്ന് കിട്ടുമെന്നാണ് സൈറ്റിൽ തെറ്റായി കൊടുത്തിരിക്കുന്നത്. ഉപയോഗയോഗ്യമല്ലാത്തതുകൊണ്ടാണ് MLUAnjanam ആരും പരിഗണിക്കാത്തത്. പൊതുപണം ചിലവാക്കി ഇത്തരം പ്രോജക്ടുകൾ ചെയ്യുമ്പോൾ മേഖലയിലെ വൈദഗ്ദ്ധ്യമുള്ള ആരെക്കൊണ്ടെങ്കിലും ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടേ? ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഐടി നയത്തിലുള്ള കാര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം. ഈ ഫോണ്ടിന്റെയോ സ്പെൽചെക്കറിന്റെയോ സോഴ്സ് കോഡ് എവിടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറാണോ?