ഡിജിറ്റൽ സാക്ഷരതാ പദ്ധതി
കേരളത്തിന്റെ സാക്ഷരതാപ്രസ്ഥാനത്തിന്റെ തുടർച്ചയായി സാർവത്രിക ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്കായി ചില ശ്രമങ്ങൾ 2019 സെപ്റ്റംബർ മുതൽ ഞാൻ നടത്തിയിരുന്നു. സർക്കാറിന്റെയും മറ്റുസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ആ പദ്ധതി മാർച്ചിൽ തുടങ്ങാനിരിക്കെ കോവിഡ്-19 മഹാമാരി ഗുരുതരമാകുകയും പദ്ധതിയുടെ ഭാവി അനിശ്ചിതത്തിലാവുകയും ചെയ്തു. അതേ സമയം ഇത്തരമൊരു പദ്ധതിയുടെ ആവശ്യകത ഇരട്ടിക്കുകയും ചെയ്തു. പദ്ധതിയെപ്പറ്റി സർക്കാറിന്റെ ഔദ്യോഗികപ്രഖ്യാപനങ്ങൾ വന്നോട്ടെ എന്നുകരുതി ഞാൻ ഒന്നും പബ്ലിക്ക് ആയി എഴുതിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ പദ്ധതിയ്ക്കുവേണ്ടിയുള്ള ഞാനടക്കമുള്ള ഒരുപാടുപേരുടെ പ്രയത്നത്തെ രേഖപ്പെടുത്താനാണ് ഈ ലേഖനം. (Originally published as blogpost)
തുടക്കം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനഫലങ്ങൾ കൂടുതൽ ആളുകളിലേക്കെത്തുകയും അതോടൊപ്പം കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയവ എല്ലാവരും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തതോടെ കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെയും സുഹൃത്തുക്കളുടെയും നല്ലൊരുഭാഗം സമയം ഇതുസംബന്ധിച്ച സംശയനിവാരണത്തിനും സഹായങ്ങൾക്കുമായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. ഈമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി പലരീതിയിൽ ആളുകൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ ഈ മേഖലയിൽ ഗവേഷണവും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റും ചെയ്യുന്നവരാണെങ്കിലും വലിയ തോതിൽ ഇങ്ങനെ സമയം മാറ്റിവെയ്ക്കാനില്ലാത്തവരാണ്. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഗവൺമെന്റിനുതന്നെ ഒരു മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരതാ പരിപാടി തുടങ്ങിക്കൂടാ എന്ന ചിന്ത ഉണ്ടാവുന്നത്. ജൂൺ മാസത്തിൽ ഇക്കാര്യം ഞാൻ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകലയോട് ഈമെയിൽ വഴി ചർച്ച ചെയ്യുകയും അവർ അത് ചർച്ച ചെയ്യാൻ ഒരു ദിവസം നേരിൽ കാണാൻ വരാനാവശ്യപ്പെടുകയും ചെയ്തു.
തിരക്കുകൾ കാരണം 2019 സെപ്റ്റംബർ 28നാണ് ഞാൻ തിരുവനന്തപുരത്ത് ശ്രീകലടീച്ചറുടെ വീട്ടിൽ ഇത് ചർച്ച ചെയ്യാനായി പോകുന്നത്. പക്ഷേ അപ്പോഴേക്കും എന്റെ ഈ പദ്ധതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയിരുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരത വേണം, പക്ഷേ കുറേക്കൂടി വിശാലമായ ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയാണ് വേണ്ടത് എന്നാണ് ഞാൻ ഉന്നയിച്ചത്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ്. ആയിടെ വന്ന IAMAIയുടെ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 54% ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയോളമാണിത്. ജനസംഖ്യയെക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്ഷനുകളും കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഐടി@സ്കൂൾ പദ്ധതിയും നിർദ്ദിഷ്ട കെഫോൺ പദ്ധതിയും ഈ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരെയും ഈ മുന്നേറ്റത്തിനൊപ്പം കൂട്ടാൻ വേണ്ട ഒരു ബൃഹത്പദ്ധതിയുടെ രൂപരേഖയാണ് ഞാൻ ടീച്ചറോട് സംസാരിച്ചത്. അതോടൊപ്പം തന്നെ ഇന്റർനെറ്റിൽ വർദ്ധിച്ചുവരുന്ന വ്യാജവാർത്തകൾ, വിദ്വേഷപ്രചരണങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഡോ. പി എസ് ശ്രീകല ഇക്കാര്യങ്ങളോട് വളരെ അനുകൂലമായി പ്രതികരിക്കുകയും വിദ്യാഭ്യാസവകുപ്പിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞു.
ആദ്യയോഗം
വിദ്യാഭ്യാസ മന്ത്രിയുടെ അനുമതിയോടെ പദ്ധതിയ്ക്ക് ഒരു രൂപരേഖ തയ്യാറാക്കാൻ നവമ്പർ 17ന് ഒരു യോഗം സാക്ഷരതാമിഷൻ ഓഫീസിൽ ചേർന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ഞാൻ കുറച്ചു സുഹൃത്തുക്കളോടു സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ പലരെയും ക്ഷണിച്ചിരുന്നെങ്കിലും ഞാൻ, സെബിൻ എബ്രഹാം ജേക്കബ്, തോമസ് പി. തോമസ്(zyxware), കാവ്യ മനോഹർ, പി.എസ്. ശ്രീകല എന്നിവരാണ് പങ്കെടുത്തത്. പദ്ധതിയുടെ ഒരു കരട് തയ്യാറാക്കി വിപുലമായ ഒരു മീറ്റിങ്ങ് വിളിച്ച് പരിശീലനപദ്ധതി തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഡിസംബർ 15 ന് നടന്ന ശില്പശാലയിൽ കൂടുതൽ പേർ പങ്കെടുത്തു. അന്ന് പദ്ധതിയുടെ ലക്ഷ്യം താഴെക്കൊടുക്കുന്നവയായി അംഗീകരിച്ചു.
ലക്ഷ്യങ്ങൾ
കേരളത്തിൽ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റൽ മേഖലയിൽ അടിസ്ഥാനപരവും പ്രാഥമികവുമായ അവബോധമുള്ളവരാക്കിമാറ്റുക
കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട് ഫോൺ , സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ എന്ത് എന്നറിയുക
ഇവയുടെ പ്രയോജനം മനസിലാക്കുക
ഇവയുടെ ദുരുപയോഗം മനസ്സിലാക്കുക
വിവരങ്ങളുടെ ആധികാരികത മനസിലാക്കുക
സാമൂഹ്യമാധ്യമങ്ങളോടുള്ള സമീപനം രൂപപ്പെടുത്തുക, അവിടെ പാലിക്കേണ്ട മൂല്യബോധം (ജെൻഡർ അടക്കം) വികസിപ്പിക്കുക.
ഡിജിറ്റൽ സംവിധാനത്തിൽ മലയാളത്തിന്റെ പ്രയോഗം അറിയുക
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകൾ മനസ്സിലാക്കുക
ഡിജിറ്റൽ സംവിധാനത്തെ സ്ത്രീശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ മുഖ്യധാരാവൽക്കരണത്തിനും പ്രയോജനപ്പെടുത്തുക
ആവിഷ്കരണ സാധ്യതകൾ പരിചയപ്പെടുത്തുക
ഡിജിറ്റൽ സംവിധാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മാനങ്ങൾ അറിയുക
എല്ലാർക്കും ഇ മെയിൽ ഐ ഡി
സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രാപ്യമാക്കുക
കുട്ടികളുടെ ഡിജിറ്റൽ വിദ്യാഭ്യാസവുമായി ചേർന്ന് പോകാൻ മുതിർന്നവരെ പ്രാപ്തരാക്കുക
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ താല്പര്യം വളർത്തുക
ഡിജിറ്റൽ സുരക്ഷിത സമൂഹമാക്കുക
പരിശീലന മേഖലകൾ
നാലു മോഡ്യൂളുകൾ ഉള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയത്.
കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനപാഠങ്ങൾ
ഇന്റർനെറ്റ്, സാമൂഹ്യമാധ്യമങ്ങൾ - സമീപനം, വിവരങ്ങൾ തേടൽ, ആധികാരികത
സൈബർ നിയമങ്ങൾ, ഉത്തരവാദിത്തങ്ങൾ, സുരക്ഷിതത്വം, സ്വകാര്യത
ഡിജിറ്റൽ സംവിധാനങ്ങളും മലയാളഭാഷയും
മോഡ്യൂൾ ശില്പശാല
ഓരോ മോഡ്യൂളിന്റെയും ഉള്ളടക്കം തയ്യാറാക്കാനുള്ള മൊഡ്യൂൾ ശില്പശാല ഡിസംബർ 21, 22 തീയതികളിൽ തൈക്കാട് PWD റെസ്റ്റ് ഹൗസിൽ നടന്നു. വൻതോതിൽ ജനപങ്കാളിത്തമാവശ്യമുള്ള ഈ ബൃഹത്പദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഏറ്റവും താഴേക്കിടയിൽ എത്തുന്ന രീതിയിൽ ഇത്തരം ഒരു സാക്ഷരതാപദ്ധതി ലോകത്തെവിടെയും നടന്നതായി അറിവില്ല. കേരളത്തിൽ അത് നടക്കാനുള്ള സാമൂഹികാന്തരീക്ഷമുണ്ടെന്ന അഭിപ്രായമെല്ലാവരും പങ്കുവെച്ചു. സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ള വ്യത്യസ്ത ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസവുമുള്ളവരിലേക്ക് ഒരു പൊതുപരിശീലനപദ്ധതി ആസൂത്രണം ചെയ്യുകയെന്നത് വെല്ലുവിളിയാണ്. നല്ല വിദ്യാഭ്യാസവും സാമ്പത്തികസ്ഥിതിയുമുള്ളവർ പോലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാര്യത്തിൽ പലപ്പോഴും പുറകിലാണ്. അതേ സമയം തന്നെ വിദ്യാഭ്യാസ-സാമ്പത്തിക കാര്യങ്ങളിൽ പിന്നിലെങ്കിലും ഇതെല്ലാം പഠിച്ചെടുക്കേണ്ടത് അനിവാര്യമായ ജനങ്ങളുമുണ്ട്. അതുകൊണ്ട് ഒരു എട്ടാം ക്ലാസിനു സമാനമായ വിദ്യാഭ്യാസം മാത്രം ഉള്ള ഒരാളെ മനസ്സിൽ കണ്ടുകൊണ്ട് പാഠഭാഗങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചു. ചിലർക്ക് പാഠഭാഗങ്ങൾ നേരത്തെത്തന്നെ അറിഞ്ഞെന്നിരിക്കാം. അങ്ങനെയുള്ളവർക്ക് നേരിട്ട് പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് നേടാം.
മാസ്റ്റർ ട്രെയിനർമാർ, ട്രെയിനർമാർ എന്നിവരടങ്ങിയ ഒരു വലിയ സന്നദ്ധപ്രവർത്തകരുടെ സഹകരണം ഇതിനാവശ്യമാണ്. ആവശ്യമുള്ള ഉപകരണങ്ങളുടെയും വീഡിയോ ഡെമോൺസ്ട്രേഷനുകളിലൂടെയും പരമാവധി പഠിതാക്കളെക്കൊണ്ട് ചെയ്യിച്ചുമൊക്കെയുള്ള പരിശീലനമാണ് ഉദ്ദേശിച്ചിരുന്നത്. ക്ലാസിനു ശേഷവും പത്തുപേർക്ക് ഒരാൾ വീതമെന്ന പോലെയൊക്കെ ഒരു ട്രെയിനർ തുടർ സഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഉണ്ടാവും. ഇന്റർനെറ്റും കമ്പ്യൂട്ടറും കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ വളരെ ചുരുക്കം അടിസ്ഥാന കഴിവുകൾ മാത്രമേ പരിശീലനത്തിലുണ്ടാകൂ. ബാക്കിയുള്ളവ സംബന്ധിച്ച വീഡിയോ ട്യൂട്ടോറിയലുകളുടെ ഒരു ശേഖരം ഓൺലൈനായി തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നു.
സർക്കാർ സേവനങ്ങൾ പരിചയപ്പെടുത്താൻ വിവിധ വകുപ്പുകൾ, ബാങ്കുകൾ, പോലീസ്, അധ്യാപകർ, റെയിൽവേ എന്നിവരുടെയൊക്കെ സഹകരണത്തോടെ ആപ്പുകളും മറ്റൂം പരിചയെപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നു. എടിഎം ഉപയോഗിക്കുക, ഒരു ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുക, വൈദ്യുതി ബില്ലടക്കുക, നികുതിയടക്കുക, ഒരു അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക, ഈമെയിൽ അയക്കുക തുടങ്ങിയ സാർവത്രികമായ ഇന്റർനെറ്റ് ഉപയോഗങ്ങൾ പഠിതാവ് പരിചയപ്പെടണം. വ്യാജവാർത്തകൾ, ഉത്തരവാദത്തത്തോടെയുള്ള സൈബറിടം തുടങ്ങിയ കാര്യങ്ങളിലെ അവബോധം ഒരു വലിയ മേഖലയായാണ് കണ്ടിരുന്നത്. വിപുലമായ പ്രചരണപരിപാടികളും ആസൂത്രണം ചെയ്തിരുന്നു.
പരീക്ഷയുണ്ട് - വളരെ ലളിതമാണ്. സ്വന്തം ഈമെയിലിലേക്ക് വരുന്ന കുറച്ച് ചോദ്യങ്ങൾക്ക് , അതിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉത്തരം കൊടുത്താൽ, ആവശ്യമായ മാർക്ക് നേടിയാൽ സർട്ടിഫിക്കറ്റ് കിട്ടും. ഇത്രയും ചെയ്യാൻ പക്ഷേ ഓരോ വ്യക്തിക്കും ഒരു ഈമെയിൽ വേണം, ഈമെയിൽ നോക്കാനറിയണം, ലിങ്കിൽ ക്ലിക്ക് ചെയ്യുക, പേജ് തുറക്കുക, സബ്മിറ്റ് ചെയ്യുക തുടങ്ങിയ വിദ്യകൾ അറിഞ്ഞിരിക്കണം എന്നുമാത്രം. അതൊക്കെത്തന്നെയാണല്ലോ അടിസ്ഥാനപരമായ ഡിജിറ്റൽ സാക്ഷരതയുടെ ആവശ്യങ്ങൾ.
പദ്ധതിയിലുടനീളം പങ്കെടുക്കുകയും പരിശിലീനപദ്ധതി തയ്യാറാക്കുന്നതിൽ സഹായിക്കുകയും ചെയ്തവരുടെ പേരുകൾ(ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമാപണം). സെബിൻ എബ്രഹാം ജേക്കബ്, മനോജ് പുതിയവിള. കെ കൃഷ്ണകുമാർ, ജയ്സൺ നെടുമ്പാല, തോമസ് പി തോമസ്, അനുപമ മോഹൻ, മുജീബ് റഹ്മാൻ, ബിനു പി, എസ് ബിജു, പി എം മനോജ്, അദ്വൈത് പ്രഭാകർ, അദ്വൈത്, അപ്പു, കാവ്യ മനോഹർ, ജയ്സൺ നെടുമ്പാല, ഗോപകുമാർ ടി, പി എസ് ശ്രീകല, എസ് ചിത്ര, വിമൽ ജോസഫ്, ശബരീഷ്, സന്തോഷ്, സാക്ഷരതാമിഷൻ, ഐ ടിമിഷൻ എന്നീ സ്ഥാപനങ്ങളിലെ സുഹൃത്തുകൾ.
ലോകസാക്ഷരതാദിനത്തിൽ(സെപ്റ്റംബർ 8) കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വപ്നം.
തയ്യാറാക്കിയ മോഡ്യൂളുകൾ: 1, 2, 3, 4
പ്രതിസന്ധി
മൊഡ്യൂൾ ശില്പശാലയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരിശീലന-പ്രചരണ സാമഗ്രികളുടെ തയ്യാറാക്കൽ, മാസ്റ്റർ ട്രെയിനർമാരെ പരിശീലിപ്പിക്കൽ എന്നിവ ജനുവരിയിൽ നടക്കേണ്ടതായിരുന്നെങ്കിലും സാക്ഷരതാ മിഷന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പദ്ധതി പ്രതിസന്ധിയിലായി. ജനുവരിയിലും ഫെബ്രുവരിയിലും ഒന്നും നടന്നില്ല.
ഫെബ്രുവരി 15ന് കുസാറ്റിൽ വെച്ചു നടന്ന പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റിൽ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കാൻ അവസരം കിട്ടി. അന്നത്തെ പരിപാടിയിൽ വിദ്യാർത്ഥികളോട് ഇതിൽ പങ്കാളികളാവാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
ഫെബ്രുവരിയിൽ ഐടി മിഷനും സാക്ഷരതാമിഷനും ഈ പദ്ധതിയിൽ സഹകരണത്തിനുള്ള ധാരണയിലെത്തുകയും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. 2013 മുതൽ ഐടി മിഷന് ഇത്തരമൊരു പദ്ധതിനടത്താൻ ആലോചനയുണ്ടായിരുന്നതായി ഐ ടി മിഷൻ ഡയറക്ടർ ഡോ. എസ് ചിത്ര പിന്നീട് പറഞ്ഞു. തയ്യാറാക്കിയ മോഡ്യൂളുകളുടെയും ഐടിമിഷൻ തയ്യാറാക്കിയ ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ചുള്ള ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ പരിശീലനപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ മാർച്ച് 3 ന് വീണ്ടും യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു.
പൈലറ്റ് പ്രോജക്ട്
“ഞാനും ഡിജിറ്റലായി” എന്ന ടാഗ് ലൈനോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രെയിനർമാരെ തിരഞ്ഞെടുത്ത് പദ്ധതി ആരംഭിക്കാനും ഏപ്രിലോടെ സംസ്ഥാനത്ത് വ്യാപകമാക്കാനും ആയിരുന്നു ഉദ്ദേശം. ഇതിന്റെ വിശദാംശങ്ങൾ തീരുമാനിക്കാൻ മാർച്ച് 3 ന് ചേർന്ന യോഗത്തിൽ ഐടി മിഷൻ, സിഡിറ്റ്, മോഡ്യൂൾ ശില്പശാലയിൽ പങ്കെടുത്തവർ എന്നിവരെല്ലാം പങ്കെടുത്തു. ഐ ടി മിഷൻ ഡയറക്ടർ ഡോ. എസ് ചിത്ര, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല എന്നിവർ നേതൃത്വം നൽകി. പദ്ധതിയിൽ ഇതുവരെ നടന്ന കാര്യങ്ങളും ലക്ഷ്യങ്ങളും ഞാൻ വിശദീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ട വളണ്ടിയർമാരെ ഐടിമിഷൻ ക്ഷണിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാകും. സർക്കാർ ജീവനക്കാർ, കോളേജ് വിദ്യാർത്ഥികൾ, പൊതുരംഗത്തു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ എല്ലാവർക്കും ഇതിൽ ഭാഗമാകാം. ഈ പദ്ധതിയിൽ പ്രമുഖ പരിശീലകരായി പങ്കെടുത്തു വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഐ.ടി മിഷനും സാക്ഷരത മിഷനും സംയുക്തമായി പ്രശംസാപത്രം നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://itmission.kerala.gov.in/ml/node/429
മാസങ്ങൾ നീണ്ട ആലോചനകളും തയ്യാറെടുപ്പുകളും ഒരു ഫലം കാണാൻ പോകുന്നുവെന്ന സന്തോഷത്തിലായിരുന്നു. പക്ഷേ മാർച്ച് രണ്ടാം വാരം തന്നെ കോവിഡ്-19 സംബന്ധിച്ച് നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. പൊതുപരിപാടികൾ വേണ്ടെന്നുവച്ചതോടെ വളണ്ടിയർമാരെ തിരഞ്ഞെടുക്കൽ നടന്നില്ല. തുടർന്ന്, മാസങ്ങൾ നീണ്ടുനിന്ന ലോക്ക്ഡൗൺ ആരംഭിച്ചു. ആളുകളെ ഒരുമിച്ചു കൂട്ടിയുള്ള പരിശീലനപരിപാടികൾ ഇനിയുള്ള കാലത്ത് എങ്ങനെയാകും എന്നാർക്കും അറിയില്ല. അങ്ങനെ ഈ പദ്ധതിയും അനിശ്ചിതത്വത്തിലായി.
ഇനിയെന്ത്
കോവിഡ്-19 മഹാമാരി സമൂഹത്തെയാകെ മാറ്റിമറിച്ചു. ശാരീരിക അകലവും യാത്രാ നിയന്ത്രണങ്ങളും ഇന്റർനെറ്റിനെ ഒഴിച്ചുകൂടാനാവാത്തതാക്കി. കഴിഞ്ഞ കുറച്ചുമാസങ്ങളിൽ എന്തിനൊക്കെയാണ് ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോടാവശ്യപ്പെട്ടത്? ജൂൺ ഒന്നിന് സ്കൂൾ തുറക്കാതെ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുകയാണ്. ഓരോ തവണയും ജനങ്ങളോട് വെബ്സൈറ്റ്, ആപ്പ്, ഇന്റർനെറ്റ്, ഓൺലൈൻ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ നടക്കാതെപോയ ഈ പദ്ധതിയെ ഓർത്തുപോകും. നമ്മളത്ര വൈകിയിട്ടൊന്നുമില്ല. പക്ഷേ ഇതുവരെയുള്ള ആസൂത്രണങ്ങൾ ഇനി പ്രായോഗികമാവില്ലെന്നു മാത്രം. പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സാക്ഷരതാമിഷനും ഐടിമിഷനും എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുന്നു.
2020 സെപ്റ്റംബർ 8ന് ലോക സാക്ഷരതാദിനത്തോടനുബന്ധിച്ചുള്ള സന്ദേശമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇങ്ങനെയെഴുതി
ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുന്നതിനാണു ലോക സാക്ഷരതാ ദിനം ആചരിക്കുന്നത്.1965ല്‍ സെപ്റ്റമ്പർ എട്ടിനു നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇറാനില്‍ ചേര്‍ന്നതിന്റെ ഒർമ്മയ്ക്കയാണു യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ ഈ ദിനം സാക്ഷരതാ ദിനമായി ആചരിച്ചു വരുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട 2017-18ലെ കണക്കുപ്രകാരം സാക്ഷരതാ നിരക്കില്‍ 96.2%വുമായി കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സാക്ഷരതയിൽ ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിനുണ്ട്. 2.2 % മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ ഇത് 14.4 ശതമാനമാണ്. അതായത്. ദേശീയതലത്തില്‍ പുരുഷ സാക്ഷരത 84.7% ആകുമ്പോള്‍ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്. നഗര-ഗ്രാമീണ സാക്ഷരത വ്യത്യാസം ഏററവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിൻ്റെ നഗര-ഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. ദേശീയ തലത്തില്‍ നഗര-ഗ്രാമീണ സാക്ഷരതാ നിരക്കിലെ പുരുഷ-സ്ത്രീ വിടവ് വളരെ കൂടുതലാണ്. 27.2 ശതമനമാണിത്. കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80 ശതമാനത്തിനുമുകളിലാണ്.
വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ഇന്നത്തെ സമൂഹത്തില്‍ സാക്ഷരതയുടെ നിർവചനം പുനർനിർണ്ണയിക്കേണ്ടത് അനിവാര്യമാണ്, ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന ഒരു നവ സാക്ഷരതാ മുന്നേറ്റം നവകേരള സൃഷ്ടിക്ക് ആവശ്യമാണ്. നമ്മൾ ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രി
Toolkits
Last updated