Coding

The code I wrote so far...

Why I love coding?

This article perfectly captures my answer:

കോഡ് ഇതുവരെ

ഇതിലെ ഓരോ കള്ളിയും ഒരു ദിവസമാണ്. പച്ച നിറത്തിലുള്ള കള്ളിയുള്ള ദിവസങ്ങളിൽ കോഡ്, ബഗ്ഗ് റിപ്പോർട്ടുകൾ, മറ്റുള്ളവരുടെ കോഡ് റിവ്യൂ ചെയ്യൽ അങ്ങനെയെന്തെങ്കിലും രീതിയിലുള്ള പ്രവർത്തനം ചെയ്തുവെന്നർത്ഥം. ഇളം പച്ചയിൽ നിന്നും കടുംപച്ചയിലേക്ക് പോകുന്തോറും അതിന്റെ എണ്ണം കൂടുന്നു.

ഒരു ഡയറി പോലെത്തന്നെ എന്റെ ജീവിതത്തിലെ മധുരവും കയ്പ്പും എനിക്കിതിൽ വായിച്ചെടുക്കാം. പലപ്പോളായി കാണുന്ന നീണ്ട ഇടവേളകൾ യാത്രകളോ, വ്യക്തിപരമായ നല്ലതോ മോശമോ ആയ വിട്ടുനിൽക്കലുകളാണ്. ഇക്കാര്യത്തിൽ 2016 വളരെ മോശമായിരുന്നെന്നു കാണാം. 2013 ഏപ്രിലിലെ ഇടവേള എന്റെ വിവാഹത്തെ കാണിക്കുന്നു. ഇടയ്ക്ക് ഇടവേളകളില്ലാതെ 100 ദിവസം എന്തെങ്കിലും ചെയ്യുക എന്ന ഒരു ചലഞ്ചും ചെയ്തിരുന്നു- github streak – 2014 സെപ്റ്റംബർ മുതൽ അത് കാണാം.

അഭിമാനിക്കാവുന്ന ഒരു കാര്യം എന്റെ കരിയർ മുന്നോട്ടുപോകുന്തോറും എൻജിനിയറിങ്ങിൽ കൂടുതൽ സംഭാവനകൾ ചെയ്യാൻ കഴിയുന്നുണ്ട് എന്നതാണ്. പൊതുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കറിയാം, ആദ്യ പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ മിക്കവാറും എൻജിനിയറിങ്ങ് സ്വഭാവമുള്ള ജോലിയിൽ നിന്നും മാനേജ്മെന്റ് സ്വഭാവമുള്ള ജോലിയിലെത്തിയിരിക്കും. ഞാൻ ആ പാത തിരഞ്ഞെടുത്തില്ല.

2011 ൽ വിക്കിമീഡിയ ഫൌണ്ടേഷനിൽ ഭാഷാ സാങ്കേതികവിദ്യാ വിഭാഗത്തിൽ ജോലിക്ക് ചേർന്നതോടെ, പൊതുജനങ്ങൾക്കായുള്ള കോഡ് എഴുതുന്നത് വളരെയേറെ കൂടി. അതേ സമയം വാരാന്ത്യങ്ങളിലും മറ്റ് ഒഴിവുസമയങ്ങളിലും മലയാളഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. അതുകൊണ്ടാണ് ഈ ഗ്രാഫിൽ ശനിയും ഞായറുമൊക്കെ പച്ച നിറം കാണുന്നത്.

അഭിമാനിക്കാവുന്ന മറ്റൊരു കാര്യം എന്റെ പ്രൊഫഷനിൽ, പൊതുജനങ്ങൾക്കായുള്ള കോഡ് എഴുതേണ്ടിവന്നപ്പോഴൊക്കെ അത് സ്വതന്ത്ര സോഫ്റ്റ്‌വെയറായി ചെയ്യാൻ സാധിച്ചുവെന്നതാണ്. അതായത് ഒരു ലൈൻ കോഡുപോലും ഞാൻ മറച്ചുവെച്ചിട്ടില്ല. ഞാൻ ചെയ്ത ഓരോ സംഭാവനയും കാര്യകാരണസഹിതം തുറന്നുവെച്ചിരിക്കുന്നു. ആർക്കും എപ്പോഴും പരിശോധിക്കാവുന്ന, പഠിക്കാവുന്ന, ഉപയോഗിക്കാവുന്ന വിധം. അതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ.

ഇതിലെ ചില പ്രവർത്തനങ്ങളുടെ ഫലങ്ങളെങ്കിലും നിങ്ങൾ ഒരു മലയാളിയാണെങ്കിൽ മിക്കവാറും നിത്യജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നുണ്ടാവും. അതേസമയം തുടക്കകാലങ്ങളിൽ എഴുതിയ പലതും ഒരു ടെക്നോളജി പരീക്ഷണത്തിൽ നിന്ന് പുറത്ത് കടന്നു ഉപയോഗപ്രദമായ ഒരു സോഫ്റ്റ്‌വെയർ ആക്കുന്നതിൽ പരാജയപ്പെട്ടിട്ടുമുണ്ട്. പക്ഷേ അതൊക്കെ സ്വാഭാവികമായും പിന്നത്തേക്കുള്ള പാഠങ്ങളായിരുന്നു.

Last updated